ന്നാരെ ധനന്ജയന് കൊണ്ടുവന്നു
ആ വജ്രനാഭന്‍ അനിരുദ്ധപുത്രന്
ആയര്‍കുലത്തിനു നായകനായ്
വാഴുന്ന കാലത്ത് വൃന്ദാവനത്തിലെ
ഗോപന്മാര്ക്കെന്തോ വിഷാദമാര്‍ന്നു
ഗോപികമാരെ പിരിഞ്ഞുപോയ് ശ്രീദേവി
ഗോക്കളോ പാലും ചുരത്താതെയായി
മെല്ലെ മെല്ലെ ജനം വൃന്ദാവനം വെടി-
ഞ്ഞന്യദേശങ്ങളില് പാര്‍പ്പുമായി
ഏറെ വിഷാദിച്ചു വജ്രനാഭന്‍ രാജാ-
വേതൊരുപായമെന്നോര്ത്തലഞ്ഞു
ജ്ഞാനികളാരോ മൊഴിഞ്ഞു ശ്രീകൃഷ്ണന്റെ
സാന്നിധ്യമുണ്ടായ് വരേണമിങ്ങ്
ആകയാല്‍ നല്ലൊരു
ക്ഷേത്രം പണിഞ്ഞതില്‍
ശ്രീകൃഷ്ണബിംബപ്രതിഷ്ഠ വേണം
ശ്രീദേവിയെങ്കില് വിളയാടിടും നാട്ടി-
ലാനന്ദമെങ്ങും കളിയാടിടും
വിഖ്യാതരായുള്ള ശില്പികളെയെല്ലാം
സത്വരം രാജന് വിളിച്ചുകൂട്ടി
എങ്കിലോ ശില്പികള് കൈമലര്‍ത്തി, "ഞങ്ങള്‍
പങ്കജനേത്രനെ കണ്ടതില്ല
കമനീയരൂപന്റെ തലമുറ കാലത്തിന്
യവനികയ്ക്കുള്ളില്‍ മറഞ്ഞുപോയി
ആരെങ്കിലും പ്രായംചെന്നവരുണ്ടാമോ
ആ ദിവ്യരൂപം
പറഞ്ഞുതരാന്‍"
ഹസ്തിനപുരത്തിലെ രാജമാതാവായ
ഉത്തരാദേവിയന്നേരമെത്തി
"ഉണ്ണീ, നീ
കേള്‍ക്കൂ, പാരാകെ പുകള്‍കേട്ട
കണ്ണനെ കണ്‍നിറയെ കണ്ടവള്‍ ഞാന്‍
മാലോകര്ക്കീശനാം മാധവനെ പ്രിയ-
മാതുലനെന്നു വിളിച്ചവള്‍ ഞാന്‍
ആ സ്നേഹവാത്സല്യധാരയില് വാണവള്‍
ആ പാദപദ്മത്തില്‍ വീണവള്‍ ഞാന്‍
ആവുന്നപോലെ പറഞ്ഞുതരാം കുഞ്ഞേ
ആയര്പ്പെണ്കൊടികള് കൊതിച്ച രൂപം
വീരയോദ്ധാവിന്റെ ആകാരം, എത്രയും
കോമളമാമതിന് ശ്യാമവര്ണം
കാര്‍മുകില്‍ പോലെ ചുരുള്മുടിയുച്ചിയില്
വാരിയതില്‍ മയില്‍പ്പീലി കെട്ടും
ലക്ഷണമൊത്ത ലലാടമദ്ധ്യത്തിങ്കല്
മുക്തിപ്രദായകം ഹരിതിലകം
കമലദളം പോലെ നയനങ്ങളോ അതോ
അലയില്ലാതറിവിന്റെ കടലുകളോ
എള്ളിന്പൂവൊത്തൊരു നാസികയും സദാ
മന്ദസ്മിതം പേറുമധരങ്ങളും
ചന്ദനം ചാര്‍ത്തിയ മെയ്യഴകില്‍ ഏറെ
ഭംഗിയില്‍ ചേരും അലംകൃതികള്‍
ദ്വാരാവതിയിലെ മുക്തഹാരങ്ങളും
ആരാധകര്‍ ചാര്‍ത്തും വനമാലയും
മഞ്ഞപ്പട്ടണിയും തിരുവുടല്‍ കണ്ടെത്ര
മംഗളദായിനിമാര് വലഞ്ഞു
അരിയ ത്രിഭംഗത്തില് നിന്നുകൊണ്ടദ്ദേഹം
മുരളികയൂതുന്നതോര്ക്കുന്നു ഞാന്‍"
ഇപ്രകാരം ദേവി ചൊന്നതും
പതിനാറു
ശില്പികള് സത്വരം പണിതുടങ്ങി
അഞ്ജനശിലയില്‍ കടഞ്ഞെടുത്തു നല്ല
കഞ്ജവിലോചനവിഗ്രഹങ്ങള്
ചിന്മയരൂപന്റെ സാമ്യമുണ്ടെങ്കിലും
തന്മയമായില്ല ബിംബമൊന്നും
എങ്കിലും പതിനാറു ക്ഷേത്രങ്ങളില്‍ ദേവ -
സങ്കല്പമോടെ പ്രതിഷ്ഠിച്ചതും
മംഗളദേവത കൃപ ചൊരിഞ്ഞു, ജന-
വൃന്ദവും നാട്ടില്‍ മടങ്ങിവന്നു
അയ്യായിരം വത്സരം കഴിഞ്ഞെങ്കിലും
വൃന്ദാവനം ഇന്നും ജനനിബിഡം
ഉത്തര വാക്കാല്‍ പകര്‍ന്നൊരു ചിത്രം
ഇപ്പോഴും നമ്മുടെ കൃഷ്ണസങ്കല്പം
മാനവനിര്മ്മിതം ക്ഷേത്രങ്ങള്‍ നശ്വരം
കാലപ്രയാണത്തില്‍ മാഞ്ഞുപോയി
മാനവചേതസ്സനശ്വരം കാലത്താല്‍
മായാത്ത പൈതൃകം കൃഷ്ണസ്മൃതി

This comment has been removed by the author.
ReplyDeleteSuperb narration sangeetha...hats off to you..
ReplyDeleteExcellent composition. You seem to have a good command over Malayalam+Sanskrit...
ReplyDeleteThank you
DeleteHindi our english translation please. I am a vadakayil reader also. Namste.
ReplyDeleteSure Nishant. I was off blogging while being hooked to our dear captain. Will do an English translation
Delete